ചങ്ങനാശ്ശേരി പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം ലഭിച്ചു.



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ചങ്ങനാശ്ശേരി പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റർ  94.34 സ്‌കോർ കരസ്ഥമാക്കിയാണ് എന്‍.ക്യൂ.എ.എസ് അംഗീകാരം നേടിയെടുത്തത്. 

    കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. ഇന്ത്യയില്‍ ആകെയുള്ള 5190 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുള്ളതില്‍ 36 എണ്ണത്തിന് മാത്രമാണ് എന്‍.ക്യു.എ.എസ്. അഗീകാരം ലഭിച്ചിട്ടുള്ളത്. അതില്‍ 7 എണ്ണം കേരളത്തിലാണ്. 21 അര്‍ബന്‍ പ്രൈമറി സെന്ററുകള്‍ക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു. അതില്‍ വിലയിരുത്തലുകള്‍ പൂര്‍ത്തിയായ 7 സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 

    ജനുവരിയില്‍ തന്നെ മറ്റുള്ളവയുടെ വിലയിരുത്തലുകള്‍ പൂർത്തിയാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാവരും ഒരു ടീം ആയി ഈ നേട്ടത്തിന് വേണ്ടിയുള്ള പരിശ്രമത്തിൽ ആയിരുന്നു എന്ന് പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സരയ ബി പിള്ള പറഞ്ഞു.