ജനങ്ങള്‍ക്ക് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിച്ച ഒരു ജനകീയഭരണകൂടത്തിന് അവര്‍ ഒരേ മനസോടെ അംഗീകാരം നല്‍കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയം എന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ. ജില്ലാപഞ്ചായത്ത് , ബ്‌ളോക്ക്പഞ്ചായത്ത് , കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങിലും ഒരേരീതിയിലുള്ള വിധിയെഴുത്താണ് ജനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം നിലകൊണ്ടത് എന്നത് രാഷ്ട്രീയ കേരളം മനസിലാക്കേണ്ട യാഥാര്‍ത്ഥ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതിപക്ഷം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍, ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള കരുതല്‍, മുന്നണിയിലേക്ക് പുതുതായി എത്തിയ ഘടകക്ഷികള്‍ എന്നീ മൂന്നു കാരണങ്ങളാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം എന്ന് വിലയിരുത്താം എന്നും വി എൻ വാസവൻ പറഞ്ഞു. അപവാദ പ്രചരണങ്ങളുടെ പുകമറ തീര്‍ത്ത് കോണ്‍ഗ്രസും ബി ജെപിയും ഒന്നിച്ചാണ് കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പലയിടങ്ങളിലും അവര്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. കോട്ടയം ജില്ലയില്‍ 293 സീറ്റുകളിലായിരുന്നു അവര്‍ തമ്മില്‍ ധാരണയില്‍ ഉണ്ടായിരുന്നത്. ഇതിനു പുറമെ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ യു ഡി എിനൊപ്പം. ഈ അവിശുദ്ധമുന്നണി ബന്ധങ്ങളെയെല്ലാം അതിജീവിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നിലകൊണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഘടകക്ഷികളുടെ വരവ് മധ്യകേരളത്തിലെ ചുവപ്പിന് പതിവില്‍ കൂടുതല്‍ തെളിമ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2018 ല്‍ കോട്ടയം ജില്ലയിൽ തുടങ്ങി വച്ച ഒരു രാഷ്ട്രീയ നീക്കമാണ് ഇന്ന് വിജയത്തില്‍ എത്തി നില്‍ക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കം വന്ന സമയത്ത് . കെ എം മാണിയുടെ നേതൃത്വത്തിലെ കേരള കോണ്‍ഗ്രസിന് ഉപാധികള്‍ കൂടാതെയാണ് ഇടതുപക്ഷം പിന്‍തുണ നല്‍കിയത് എന്നും വി എൻ വാസവൻ പറഞ്ഞു.
കേരളകോണ്‍ഗ്രസിനെ നിഷ്‌കരുണം യു ഡി എഫില്‍ നിന്ന് ചവിട്ട് പുറത്താക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ചര്‍ച്ച ചെയ്ത കാര്യമാണ്. ഇല്ലാത്ത കരാര്‍ ഉണ്ടെന്നു പറഞ്ഞ് ഒരുകാരണം കണ്ടത്തി കോണ്‍ഗ്രസുകാര്‍ കെ എം മാണിയുടെ പാര്‍ട്ടിയെ ഇല്ലായ്മചെയ്യാന്‍ വേണ്ടിനടത്തിയ നീക്കമായിരുന്നു അത് എന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ഏറ്റവും സുരക്ഷിതമായ ഇടം ഇടതുപക്ഷമാണെന്നും ഇടതുപക്ഷസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍, വര്‍ഗീയതയെ ചെറുക്കുന്നതിന് വേണ്ടിയുള്ള മുന്നണിയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും, കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന കരുതല്‍ ഇതെല്ലാം മനസിലാക്കിയ കേരള കോണ്‍ഗ്രസിന്റെ നേതൃത്വം ഇടതുപക്ഷമാണ് ശരി എന്ന് തിരിച്ചറിയുകയായിരുന്നു എന്നും വി എൻ വാസവൻ പറഞ്ഞു.
ഇപ്പോള്‍ കൂടുതല്‍ കരുത്ത് ആര്‍ജിച്ചിരിക്കുകയാണ് ഇടതുമുന്നണി. ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് 14, യു ഡി എഫ് 7, സ്വതന്ത്രന്‍ 1 , ബ്‌ളോക്ക് പഞ്ചായത്ത് എല്‍ ഡി എഫ് 10, യു ഡി എഫ് 1 . ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 50 ൽ അധികം പഞ്ചായത്തുകളിൽ എൽ ഡി എഫ് വിജയിച്ചു. മികച്ച വിജയം നല്‍കിയ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.