ജില്ലയില്‍ 1,04,304 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ മരുന്നു നല്‍കി.


പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ ഇന്ന്         1,04,304   കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അ‍ഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികളാണ് ജില്ലയിലുള്ളത്. ഇതില്‍ 93.91ശതമാനം പേര്‍ക്കും ആദ്യ ദിനം ബൂത്തുകളില്‍ മരുന്നു നല്‍കി. ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.


വരും ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും എല്ലാ വീടുകളും സന്ദര്‍ശിച്ച് ശേഷിക്കുന്ന കുട്ടികള്‍ക്കും നല്‍കി യജ്ഞം പൂര്‍ത്തീകരിക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും  ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസം  കൂടി പ്രവര്‍ത്തിക്കും.


ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. 


ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിത്താര, കോട്ടയം സതേണ്‍ റോട്ടറി ക്ലബ് പ്രസി‍ഡന്‍റ് സണ്ണി സി. വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍റോ ലാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.