'ഇടി'യുടെ കുടുംബ കഥയുമായി ഒരു ബ്ലാക് ബെൽറ്റ് കുടുംബം.



കൂരോപ്പട: ഒരു കുടുംബത്തിലെ മുഴുവൻ പേരും കരാട്ടെ അഭ്യാസികളും ഒപ്പം പരിശീലകരുമായ ഒരു വീടുണ്ട് നമ്മുടെ കോട്ടയം കൂരോപ്പടയിൽ.

 

അതെ,അച്ഛനും അമ്മയും മകനും കരാട്ടെ അഭ്യാസികളും ഒപ്പം പരിശീലകരുമാണ്. കൂരോപ്പട ചെന്നാമറ്റം കൊന്നത്തോലിൽ തണ്ടേൽ വീട്ടിൽ കെ പി രതീഷും ഭാര്യ സോണിയയും മകൻ ആദിലും ആണ് ഈ വ്യത്യസ്ത 'ഇടി'യുടെ കുടുംബ ചിത്രത്തിലെ അംഗങ്ങൾ. ഇവരുടെ മകൻ പത്തു വയസ്സുകാരനായ ആദിലും പരിശീലകനാണ്. ആദിൽ 2016 ൽ തൃശൂരിൽ നടന്ന ടിസ്ക്കോ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 'കത്ത' വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മിടുക്കനാണ്. കരാട്ടെ പരിശീലനത്തിനെത്തുന്ന കുട്ടിപ്പട്ടാളത്തിന്റെ പരിശീലകനാണ് ആദിൽ.

പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും തണ്ടേൽ വീട്ടിൽ പരിശീലനം നൽകുന്നുണ്ട്. രതീഷും സോണിയയും ബ്ലാക്ക്‌ ബെൽറ്റ്‌ നേടിയവരാണ്‌. രതീഷുമായുള്ള വിവാഹത്തിന് ശേഷമാണ് സോണിയ കരാട്ടെ അഭ്യസിച്ചതും ഈ മേഖലയിലേക്ക് കടന്നു വന്നതും. പത്തു വർഷമായി ഈ ദമ്പതികൾ കരാട്ടെ ആയോധന കലയിൽ നിറസാന്നിധ്യമാണ്. സോണിയാണ് സ്ത്രീകളെ അഭ്യസിപ്പിക്കുന്നതും ഒപ്പം സ്കൂളുകളിൽ പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ നൽകുന്നതും. സുരക്ഷയ്ക്കായി കരാട്ടെ പഠിക്കുന്നതിൽ പെൺകുട്ടികൾ മുന്നിലാണെന്നും സോണിയ പറയുന്നു.

120 ലധികം പേരാണ് രതീഷിനു കീഴിൽ കരാട്ടെ അഭ്യസിക്കുന്നത്. കരാട്ടെ അഭ്യാസത്തിനും പരീശലനത്തിനുമൊപ്പം അഭിനയ മികവിലും ഈ ദമ്പതികൾ ഒന്നാം സ്ഥാനത്താണ്. ടിക്ക് ടോകിൽ നിരവധി വീഡിയോകൾ ചെയ്തു പ്രശസ്തരായ ഇവർ കിച്ചൺ ട്രഷേഴ്‌സ് കറി പൗഡറിന്റെ പരസ്യ ചിത്രത്തിലും സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊത്തുപണിയിൽ മികവ് പുലർത്തുന്ന രതീഷ് ഒരു ഗായകൻ കൂടിയാണ്. സിനിമയിൽ മികച്ച അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികൾ.