കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി. സംസ്ഥാനത്ത് കോട്ടയത്തും ആലപ്പുഴയിലുമാണ് ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. H-5 N-8 എന്ന വൈറസ് രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വെറ്റിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രണ്ടു ജില്ലകളിലും കണ്‍ട്രോള്‍ യൂണിറ്റുകള്‍ തുറന്നു. പക്ഷിപ്പനി പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് നിലവിലെ തീരുമാനം.
ഇതുപ്രകാരം അമ്പതിനായിരത്തോളം പക്ഷികളെ കൊന്നുകളയേണ്ടി വരുമെന്നാണ് കണക്കുകൾ. ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ വൈറസ് കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു താറാവ് കർഷകന്റെ 7000 ലധികം താറാവുകളാണ് ചത്തൊടുങ്ങിയത്. ഡിസംബർ 19 മുതലാണ് മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കും എന്ന് മന്ത്രി കെ രാജുവും ജില്ലാ കളക്ടറും പറഞ്ഞു. വൈറസിൽ വ്യതയാനം സംഭവിച്ചാൽ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.