കോട്ടയം: സംസ്ഥാനത്തെ 2 ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
H-5 N-8 എന്ന വൈറസ് രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് സാമ്പിൾ പരിശോധന നടത്തിയിരുന്നു. ഡിസംബർ 19 മുതലാണ് മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലും ജില്ലാ കളക്ടർമാർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് നിലവിലെ തീരുമാനം. ഇതുപ്രകാരം അമ്പതിനായിരത്തോളം പക്ഷികളെ കൊന്നുകളയേണ്ടി വരുമെന്നാണ് കണക്കുകൾ. വൈറസ് കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനായി ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി കെ രാജു പറഞ്ഞു. വൈറസ് ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല. എന്നാലും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് 8 എണ്ണത്തിൽ 5 എണ്ണത്തിന് രോഗം സ്ഥിരീകരിച്ചത്. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു. നിലവിൽ താറാവുകളിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.