നമ്മുടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം!

ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതും സ്ഥിരീകരിച്ചതും നമ്മുടെ കൊച്ചു കേരളത്തിലെ തൃശൂരിൽ. 2020 ജനുവരി 30 നാണു തൃശൂർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽനിന്നെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിക്ക് ആണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് രണ്ടാമതും മൂന്നാമതും കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതും നമ്മുടെ കേരളത്തിൽ തന്നെയായിരുന്നു. യഥാക്രമം ചൈനയിലെ വുഹാനിൽനിന്നെത്തിയ ആലപ്പുഴ,കാസർഗോഡ് സ്വദേശികളായ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 12 നാണു ഡബ്ല്യുഎച്ച്ഒ രോഗബാധയ്ക്ക് കോവിഡ്-19 എന്ന പേര് നൽകിയത്. മാർച്ച് മാസത്തിൽ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരുന്നു. മാർച്ച് 9 നു ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. കോട്ടയത്ത് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 മാർച്ച് 10 നു.

തുടർന്ന് ശക്തമായ കോവിഡ് പ്രതിരോധമായിരുന്നു നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കിയത്. മാർച്ച് 23 നു സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗബാധിതരെ ചികിൽസിച്ചു രോഗമുക്തരാക്കിയ നമ്മുടെ കോട്ടയം രാജ്യത്തിനൊപ്പം നമുക്കും അഭിമാനമായി മാറി. രോഗബാധ സ്ഥിരീകരിച്ച എല്ലാവരെയും രോഗം ഭേതമാക്കി വീടുകളിലേക്കയച്ച നമ്മുടെ കോട്ടയം റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലെത്തിയത് ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായായിരുന്നു. കൈകൾ സാനിട്ടയ്സ് ചെയ്തും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കിയും യാത്രകൾ ഒഴിവാക്കിയും നമ്മുടെ ജില്ല കോവിഡിനെ പൂർണ്ണമായും പ്രതിരോധിച്ചിരുന്നു.

എന്നാൽ പിന്നീട് അൺലോക്ക് ഘട്ടം ആരംഭിച്ചു ഇളവുകൾ ലഭിച്ചതോടെ കോവിഡിനെ നമ്മൾ പതിയെ പതിയെ മറക്കാൻ തുടങ്ങി. പ്രതിരോധ നിർദേശങ്ങൾ നമ്മൾ ബോധ പൂർവ്വം മറന്നു തുടങ്ങി. ഇപ്പോൾ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗബാധയുടെ ഭൂരിഭാഗവും നമ്മുടെ കേരളത്തിലാണ്. കോട്ടയം ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ജില്ലയിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും ദിവസേന രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. ആദ്യ ഘട്ടങ്ങളിൽ കോവിഡിനെതിരെ കോട്ട കെട്ടി പ്രതിരോധിച്ച കോട്ടയത്തിന്റെ പ്രതിരോധത്തെ കോവിഡ് ഇപ്പോൾ മറികടക്കുകയും ജില്ലയിൽ കോവിഡ് പിടി മുറുക്കുകയുമാണ്. 

ആദ്യ ഘട്ടങ്ങളിൽ കോട്ടയം കോവിഡിനെതിരെ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെച്ചത്. പൊതുജനങ്ങളുടെ പൂർണ്ണ പങ്കാളിത്തം കോവിഡിനെതിരെയുള്ള പോരാട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഇന്നോ?പ്രതിരോധ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് എല്ലാവരും പെരുമാറുന്നത്. 2020 ജൂൺ 15 നാണു ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടക്കം കടന്നത്. അന്ന് 10 പേർക്ക് ജില്ലയിൽ ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചു. 26 നു 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 11 മുതലാണ് ജില്ലയിൽ ജില്ലയിൽ കോവിഡ് നേരിയ തോതിൽ പിടി മുറുക്കി തുടങ്ങിയത്. പിന്നീടുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു കൊണ്ടിരുന്നു. 28 നു 118 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മാസത്തിലും ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു. ഓഗസ്റ്റ് 19 നു മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 203 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ സെപ്റ്റംബർ മാസാരംഭത്തോടെ ജില്ലയിലെ സ്ഥിതിഗതികൾ തകിടം മറിഞ്ഞു. സെപ്റ്റംബർ 2 മുതൽ 30 വരെ ജില്ലയിൽ പ്രതിദിനം 100 നു മുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ 27 നു 426 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ 1 മുതൽ കോവിഡ് പ്രതിദിന കണക്കുകളിൽ എല്ലാ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 നു മുകളിലായി. പിന്നീട് നൂറുകൾ കൂടി കൂടി 900 നു മുകളിൽ വരെ പ്രതിദിന കോവിഡ് കേസുകൾ നമ്മുടെ കോട്ടയം ജില്ലയിൽ സ്ഥിരീകരിച്ചു.

ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ ഒരു വിഭാഗം ആളുകൾ ഇത് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലും പെരുമാറുന്നത് വസ്തുതയാണ്. ജില്ലയിൽ കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. നഗര മേഖലകൾ കേന്ദ്രീകരിച്ചു രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവിൽ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കരുതലും ജാഗ്രതയും കൂടുതലായും നമ്മൾ പുലർത്തേണ്ട സമയമാണ് ഇത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പൊതു സ്ഥലങ്ങളിൽ അകലം പാലിക്കാനും മാസ്ക് നിർബന്ധമായും മുഖത്തു തന്നെ ധരിക്കാനും നമ്മൾ ശ്രദ്ധിക്കണം. നമുക്കും മറ്റുള്ളവർക്കും വേണ്ടി കരുതലോടെയിരിക്കാം. കരുതലും ജാഗ്രതയും ഒന്നുകൊണ്ടു മാത്രമേ നമുക്ക് കോവിഡിനെ തുരത്താനാകു.