കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കോവിഡ് കുതിച്ചുയരുന്നു,ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.1 ആയി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കോവിഡ് വീണ്ടും പിടി മുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കോട്ടയം,എറണാകുളം കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിൽ രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ദേശീയ ശരാശരിയുടെ ആറ് ഇരട്ടിയാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലാണ്. കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.1 ൽ എത്തി.

അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതോടെ രോഗബാധിതരുടെ എണ്ണം കൂടുതലായി ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിന വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ജാഗ്രത കൈവിട്ടാൽ സംസ്ഥാനത്തെ സ്ഥിഗതികൾ വീണ്ടും വഷളായേക്കും. എല്ലാവരും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ തയ്യാറാകണമെന്നും മാസ്ക്ക് ശെരിയായി ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.