രോഗബാധിതരുടെ എണ്ണം ഉയരുന്നു,കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു കോട്ടയം!


കോട്ടയം: കോവിഡ് വ്യാപന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നമ്മുടെ കോട്ടയം. കഴിഞ്ഞ 4 ദിവസങ്ങളിലായി ജില്ലയിൽ പ്രതിദിന രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500 നു മുകളിലായിരുന്നു.

 

ഇന്ന് ജില്ലയിൽ 702 പേർക്കും ബുധനാഴ്ച്ച 704 പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇടക്കാലംകൊണ്ടു ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉണ്ണൂരിലും താഴെ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ പ്രതിദിനം ഉയർന്ന രോഗബാധയാണ് സ്ഥിരീകരിക്കുന്നത്. സമ്പർക്ക രോഗബാധിതരുടെ എണ്ണം ജില്ലയിൽ ആശങ്കാവഹമായി ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകർക്കും കൂടുതലായി രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്.

സംസ്ഥാനത്ത് ആകെ സ്ഥിരീകരിക്കുന്ന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സമയത്തും അതിനാനുപാതികമായി രോഗബാധിതരുടെ എണ്ണത്തിൽ ജില്ലയിൽ കുറവ് രേഖപ്പെടുത്തുന്നില്ല എന്നുള്ളത് ജില്ലയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തപ്പെടുമ്പോഴും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പരിശോധനകൾ കൂടുതലായി നടത്തുകയും ആരോഗ്യ വകുപ്പ് ചെയ്യുന്നുണ്ട്. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് പിടി മുറുക്കിയിരിക്കുകയാണ്.

ജില്ലയുടെ ഗ്രാമ-നഗര മേഖലകൾ വ്യത്യാസമില്ലാതെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിൽ കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.