കോട്ടയം: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വിതരണ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എം അഞ്ജന വിലയിരുത്തി. ശനിയാഴ്ച്ച രാവിലെ 9 മണി മുതലാണ് വാക്സിൻ വിതരണ നടപടികൾ ആരംഭിക്കുന്നത്.
കോട്ടയം ജില്ലയിൽ 9 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് വാക്സിന്‍റെ ആദ്യ ഘട്ട വിതരണത്തിനായി ജില്ലയിലെ കേന്ദ്രങ്ങൾ സജ്ജമാണെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കോട്ടയത്ത് കഴിഞ്ഞ ദിവസം എത്തിച്ചത്. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് 23839 ആരോഗ്യ പ്രവര്‍ത്തകര്‍ ജനുവരി എട്ടുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇവര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികളെയും അങ്കണവാടി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.