കോവിഡ് വാക്സിൻ;വിതരണം 16 നു,ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23839 പേർ.


കോട്ടയം: കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കോട്ടയത്ത് എത്തി. സംസ്ഥാനത്ത് വാക്സിൻ വിതരണം ജനുവരി 16 നു നടക്കും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടക്കുക.

 

കോട്ടയം ജില്ലയിൽ 9 കേന്ദ്രങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് 23839 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി 8 വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണ് ഇത്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്‌സിനാണ് ഇപ്പോള്‍ ജില്ലയിൽ എത്തിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. വാക്‌സിന്‍ കൂടുതലായി ലഭ്യമാകുമ്പോള്‍ വിതരണത്തിന് കോട്ടയം ജില്ലയിൽ 520 കേന്ദ്രങ്ങള്‍കൂടി സജ്ജമാക്കുമെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

കോവിഡ് വാക്‌സിന്റെ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ ആയുര്‍വേദ, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ ഒരു ദിവസം 900 പേർക്ക് വാക്സിൻ നൽകാനാകും. ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. 

കോട്ടയം ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഇവയാണ്:

1 ജനറൽ ആശുപത്രി പാലാ.

2 കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രി ഉഴവൂർ.

3 താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി വൈക്കം.

4 മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം.

5 എസ് എച് മെഡിക്കൽ സെന്റർ കോട്ടയം.

6 സർക്കാർ ആയുർവേദ ആശുപത്രി കോത്തല.

7 ജനറൽ ആശുപത്രി ചങ്ങനാശ്ശേരി.

8 സാമൂഹികാരോഗ്യ കേന്ദ്രം ഇടയിരിക്കപ്പുഴ.

9 സാമൂഹികാരോഗ്യ കേന്ദ്രം എരുമേലി.