ശുഭ പ്രതീക്ഷയുടെ വാക്‌സിൻ;ആരോഗ്യ പ്രവർത്തകർ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചു.


കോട്ടയം: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഇന്ന് ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചു. കോട്ടയം ജില്ലയിൽ 9 കേന്ദ്രങ്ങളിലാണ് ഇന്ന് കോവിഡ് വാക്സിൻ വിതരണം നടന്നത്. രാവിലെ 10:30 നാണു വാക്സിൻ വിതരണം ആരംഭിച്ചത്.  

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ കേന്ദ്രത്തിലും വാക്സിൻ വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്.  വാക്സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്ട്രേഷന്‍, അറിയിപ്പു നല്‍കല്‍, വിവരശേഖരണം തുടങ്ങി എല്ലാ നടപടിക്രമങ്ങളും കോവിന്‍(കോവിഡ് വാക്സിന്‍ ഇന്‍റലിജന്‍സ് നെറ്റ് വര്‍ക്ക്) ആപ്ലിക്കേഷന്‍ മുഖേനയാണ് ഏകോപിപ്പിച്ചത്.

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതവുമാണ് ഉണ്ടായിരുന്നത്. ചിത്രത്തിൽ റാന്നി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഡോ.ആതിര മാധവ് ആദ്യഘട്ട വാക്സിൻ സ്വീകരിക്കുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി-സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍

കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍- ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്

പാലാ ജനറല്‍ ആശുപത്രി- മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ്  

വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി- ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. സ്വപ്ന

ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി-മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി സെബാസ്റ്റ്യന്‍

പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. മനോജ്  

ചങ്ങനാശേരി ജനറല്‍ ആശുപത്രി- ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെ. തോമസ് 

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ആന്‍റണി

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ഇസ്മായില്‍ എന്നിവർ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചു.