കോവിഡ് വാക്സിൻ:രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമായും എടുക്കണം; ആരോഗ്യമന്ത്രി.


തിരുവനന്തപുരം: കോവിഡ് വാക്സിൻ കുത്തി വയ്പ്പിൽ രണ്ടു ഡോസ് വാക്സിൻ നിശ്ചിത ഇടവേളകളിലായി എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ഗോർക്കി ഭവനിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

വാക്സിന്റെ ആദ്യ ഡോസ് എടുത്തവർ ഉറപ്പായും രണ്ടാമത്തെ ഡോസും എടുത്തിരിക്കണം. നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിൻ എടുക്കേണ്ടത്. അലർജി പോലുള്ള ബുദ്ധിമുട്ടുള്ളവർ കുത്തിവയ്പ്പ് സമയം കൃത്യമായ വിവരം നൽകണം. ആദ്യഡോസ് എടുത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും റിപ്പോർട്ട് ചെയ്യണം. ആ പ്രശ്‌നങ്ങൾ മനസിലാക്കാൻ കൂടിയാണ് രണ്ടാമത്തെ വാക്‌സിൻ എടുക്കുന്നതിനുള്ള സമയം നീട്ടിയതെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്. കുത്തിവയ്പ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. 16ന് നടക്കുന്ന വാക്സിൻ കുത്തിവയ്പ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് സെമിനാർ സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീർക്കാൻ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പേർക്ക് കോവിഡ് വരാതെ സംരക്ഷിക്കാൻ സാധിച്ചു. കോവിഡിനെതിരായ പ്രതിരോധ ശേഷി കൈവരിക്കാൻ 45 ദിവസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ തുടരണമെന്നും മന്ത്രി അറിയിച്ചു.

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാംഘട്ടത്തിൽ മുൻനിര പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. വാക്‌സിനേഷനിൽ പങ്കെടുക്കാൻ കൃത്യമായ സന്ദേശം ലഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങിൽ ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദൻ, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിൻ, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.