കോവിഡ് വാക്സിൻ ആദ്യഘട്ട വിതരണം:ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർണ്ണം;ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് വാക്സിൻ ആദ്യഘട്ട വിതരണവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകൾ പൂർണ്ണമെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെന്നു കണ്ട അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയിലെ ഒന്‍പതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തശേഷമാണ് വാക്സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്സിന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ അന്തിമ ക്രമീകരണങ്ങള്‍ വിലയിരുത്തി. വാക്സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍,   മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള  29170 ഡോസ്  കോവിഷീല്‍ഡ് വാക്സിനാണ് നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്സിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന വാക്സിന്‍ ഇന്ന് എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. വാക്സിന്‍ വിതരണ നടപടികള്‍ ഏകോപനച്ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ എം.ടി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ്. 

കോട്ടയം ജില്ലയിലെ കോവിഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍:

1.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി

2.പാലാ ജനറല്‍ ആശുപത്രി

3.വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി

4.ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി 

ആശുപത്രി

5.കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍

6.പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി 

7.ചങ്ങനാശേരി ജനറല്‍ ആശുപത്രി

8.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

9.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം