കോവിഡിനെതിരെ പ്രതിരോധശേഷി നേടാനാകുമെന്നതിനാൽ വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ട;ഡോ. ടി.കെ ജയകുമാർ.


കോട്ടയം: കോവിഡിനെതിരെ പ്രതിരോധശേഷി നേടാനാകുമെന്നതിനാൽ വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ട എന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ആദ്യം വാക്സിൻ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് സർക്കാർ നിർദേശങ്ങളനുസരിച്ച് മറ്റുള്ളവർക്കും  വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കൈയുടെ മുകൾ ഭാഗത്താണ് വാക്സിൻ കുത്തിവെയ്ക്കുന്നത്. വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന്  ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ല എന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ പറഞ്ഞു. അര മണിക്കൂർ നിരീക്ഷണ മുറിയിൽ കഴിഞ്ഞതിനു ശേഷം വിതരണകേന്ദ്രം വിട്ടിറങ്ങിയ അദ്ദേഹം കുത്തിവെയ്പ് സുരക്ഷിതവും വേദനാരഹിതവുമാണെന്ന് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 28 ദിവസങ്ങൾക്ക്  ശേഷം രണ്ടാമത്തെ ഡോസ് കൂടി കുത്തിവെച്ച് രണ്ടാഴ്ച്ച കൂടി കഴിയുമ്പോഴാണ് പ്രതിരോധശേഷി കിട്ടുക. ഇതിനിടയിൽ കോവിഡ് പിടിപെടാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിന് പ്രതിരോധ മുൻ കരുതലുകൾ കർശനമായി പാലിക്കണം.

മെഡിക്കല്‍ കോളേജ് സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ആർ സജിത് കുമാറും സന്നിഹിതനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെയും എസ്. എച്ച് മെഡിക്കൽ സെന്ററിലെയും  ക്രമീകരണങ്ങൾക്ക് ജില്ലാ കളക്ടർ നേരിട്ട് നേതൃത്വം നൽകി. പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിൽ സബ് കളക്ടർ രാജീവ്കുമാര്‍ ചൗധരി, എരുമേലി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ എ.ഡി.എം അനിൽ ഉമ്മൻ, പാലാ ജനറൽ ആശുപത്രിയിൽ പാലാ ആർ.ഡി.ഒ അനിൽകുമാർ, വൈക്കം താലൂക്ക് ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഉഴവൂർ കെ. ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ തഹസിൽദാർമാർ  എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി. കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ആർ. ബിന്ദുകുമാരി, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. പി. എൻ വിദ്യാധരൻ, ഡോ. കെ. ആർ. രാജൻ, ഡോ. ടി. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കോട്ടയം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവർ ഇവിടെ വാക്സിൻ സ്വീകരിച്ചു. 

ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സി .ജയശ്രീ പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ്   വാക്സിൻ സ്വീകരിച്ചത്. പാലാ ജനറല്‍ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ പി.എസ് ശബരിനാഥ്, വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജി. സപ്ന, ഉഴവൂർ കെ. ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഡോ. ജെസി സെബാസ്റ്റ്യൻ, പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിൽ പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ. എ മനോജ്, ചങ്ങനാശേരി ജനറല്‍ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജെ. തോമസ്,  ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ ജോസഫ് ആന്റണി, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സീന ഇസ്മായിൽ   എന്നിവർക്കാണ് ആദ്യ വാക്സിൻ നൽകിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ, ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ജയശ്രീ, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സി.ജെ. സിതാര, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജെ തുടങ്ങിയവർ എന്നിവര്‍ വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചു.