എരുമേലി: എരുമേലി ജനമൈത്രി പോലീസ് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം എഡിജിപി ശ്രീജിത്ത് നിർവ്വഹിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിലാണ് മുട്ടപ്പള്ളി സ്വദേശിനിയായ കിഴക്കേപ്പാറ ഓമന, മക്കളായ രജനി, മഞ്ജു, മല്ലിക എന്നിവർക്ക് ജനങ്ങളുടെയും സഹായസഹകരണത്തോടെ എരുമേലി ജനമൈത്രി പോലീസ് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നിർവ്വഹിച്ചത്.
അടച്ചുറപ്പില്ലാത്ത ഷെഡിൽ താമസിച്ചിരുന്ന ഇവരുടെ സുരക്ഷിത ഭവനം എന്ന സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഇന്ന് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ജി ജയദേവ്,കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാർ, ജനമൈത്രി കോട്ടയം ഡിവൈഎസ്പി വിനോദ് പിള്ള, എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സജീവ് ചെറിയാൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.
ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള ഭാവന സന്ദര്ശനത്തിലാണ് പോലീസ് ഈ കുടുംബത്തിന്റെ ദയനീയസ്ഥിതി നേരിട്ട് മനസ്സിലാക്കിയത്. 2019 നവംബറിലാണ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. എരുമേലിയിലെ ട്രേഡ് യൂണിയനുകൾ സംയുക്തമായി സൗജന്യമായാണ് വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്ത് നൽകിയത്.