കോട്ടയം ജില്ലയിൽ ആദ്യമായി എരുമേലി പോലീസ് സ്റ്റേഷന് ഐഎസ്ഓ അംഗീകാരം.


എരുമേലി: കോട്ടയം ജില്ലയിൽ ആദ്യമായി ഒരു പോലീസ് സ്റ്റേഷന് ഐഎസ്ഓ അംഗീകാരം ലഭ്യമായി. കോട്ടയം ജില്ലയിലെ എരുമേലി പോലീസ് സ്റ്റേഷനാണ് ഐഎസ്ഓ 9001-2015 സർട്ടിഫിക്കേഷൻ അംഗീകാരം ലഭ്യമായത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന ചടങ്ങിൽ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ സർട്ടിഫിക്കറ്റ് എരുമേലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജി ചെറിയാന് കൈമാറി.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമാണ് ഈ സർട്ടിഫിക്കേഷൻ എന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ജനമൈത്രി പോലീസ് പദ്ധതിയിലൂടെ എരുമേലി പോലീസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഐഎസ്ഓ സർട്ടിഫിക്കേഷനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും എരുമേലി പോലീസ് സ്റ്റേഷനിൽ പാലിച്ചിട്ടുണ്ടെന്നു എരുമേലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജി ചെറിയാൻ പറഞ്ഞു.

പോലീസ് സ്റ്റേഷൻ പൂർണ്ണമായും പൊതുജന-വനിതാ-ശിശു സൗഹൃദമാണ്. മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഉള്ളത്. പരാതി നൽകാൻ എത്തുന്നവർക്ക് വിശ്രമിക്കാനും ഇരിക്കാനുമുള്ള ഇരിപ്പടങ്ങൾ കുട്ടികളുമായി എത്തുന്നവർക്ക് അതിനാവശ്യമായ സൗകര്യങ്ങളും കുട്ടികൾക്ക് വിനോദത്തിനായി പാർക്കും സ്റ്റേഷന് വളപ്പിലുണ്ട്. പരാതികൾ വളരെ വേഗത്തിൽ അന്വേഷിച്ചു തീർപ്പാക്കുക,പാസ്സ്‌പോർട്ട് വെരിഫിക്കേഷൻ,പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ യഥാസമയം വേഗത്തിൽ തീർപ്പ് കല്പിക്കുന്നതും സർട്ടിഫിക്കേഷന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

പ്രളയകാലത്തെ സേവനങ്ങൾ,കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, മണ്ഡല മകരവിളക്ക് കാലത്തെ പ്രവർത്തനങ്ങൾ തുടങ്ങി എരുമേലി പോലീസ് സ്റ്റേഷനെ മികവുറ്റതാക്കുന്ന നിരവധി പ്രവർത്തനങ്ങളാണുള്ളത്. എരുമേലി നഗരം മുഴുവനും 24 മണിക്കൂറും പോലീസ് ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണ്.