ജിജി അഞ്ചാനിയെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണം; യൂത്ത് കോണ്‍ഗ്രസ്.


കാഞ്ഞിരപ്പള്ളി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് ലഭിച്ചാല്‍ ജിജി അഞ്ചാനിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

യുവനേതാക്കളെ നിയമസഭ തിരഞ്ഞടുപ്പില്‍ മത്സരിപ്പിയ്ക്കാനുള്ള എഐസിസി യുടെ തീരുമാനം ജിജി അഞ്ചാനിയെപ്പോലുള്ള ഊര്‍ജ്ജസ്വലരും ഭരണപാടവവും ജനപ്രിയരും ആയ നേതാക്കളെ ജനങ്ങള്‍ക്ക് ലഭിയ്ക്കാനിടയാക്കും എന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞതവണ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റിനെതിരെ അട്ടിമറിവിജയം നേടിയ ജിജി അഞ്ചാനി പള്ളിയ്ക്കത്തോട് പഞ്ചായത്ത് നാളിതുവരെ കണ്ട ഏറ്റവും നല്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ജാതി മത രാഷ്ട്രീയ പരിഗണനകളോ വേര്‍തിരിവോ കൂടാതെ ഭരണനിര്‍വ്വഹണം നടത്തിയ അദ്ദേഹത്തിന് ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. കേരളം മുഴുവന്‍ ജിജിയുടെ പേര് അറിയപ്പെടുകയും ഉമ്മന്‍ ചാണ്ടിയും ആന്റോ ആന്റണിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിനന്ദനം ലഭിയ്ക്കുകയും ഉണ്ടായി. ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന് രണ്ട് തവണ ബ്ലോക്ക് അംഗമാകാന്‍ ജനം അവസരം കൊടുത്തത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന്റെയും ജനസേവനത്തിന്റെയും സാക്ഷ്യപത്രമാണ് എന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാസെക്രട്ടറി, സിനിമാനിര്‍മ്മാതാവ്,അഞ്ചാനി സിനിമാസ് ഉടമ, ഗായകന്‍, മികച്ച സംഘാടകന്‍, കലാ സാമൂഹ്യ മേഖലകളിലെ സജീവ സാന്നിദ്ധ്യം,മികച്ച പൊതുപ്രവര്‍ത്തകന്‍ തുടങ്ങി വിവിധമേഖലകളിലെ പ്രവര്‍ത്തനപാരമ്പര്യം എല്ലാം അദ്ദേഹം നിയമസഭയിലേയ്ക്ക് മത്സരിച്ചാല്‍ വിജയിയ്ക്കാനുള്ള ഈടുവയ്പുകളാണ്. വെള്ളാവൂര്‍, മണിമല, നെടുംകുന്നം, കാഞ്ഞിരപ്പള്ളി, പള്ളിയ്ക്കത്തോട് പഞ്ചായത്തുകളില്‍ മികച്ചഭൂരിപക്ഷം ജിജി നേടുമെന്നും കാഞ്ഞിരപ്പള്ളി തിരിച്ച്പിടിയ്ക്കാന്‍ ജിജി അഞ്ചാനിയ്ക്ക് കഴിയുമെന്നും യൂത്ത്കോണ്‍ഗ്രസ്സ് അവകാശപ്പെടുന്നു.