കെഎസ്ആർടിസി പോലും അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോൾ കെ റെയിൽ പദ്ധതി ന്യായമോ?മോൻസ് ജോസഫ്.


കെ റയിൽ പദ്ധതി ഉപേക്ഷിക്കാൻ ഗവണ്മെന്റ് തയ്യാറാകണമെന്ന് മോൻസ് ജോസഫ് എംഎൽഎ. നമ്മുടെ നാട്ടിലെ കെഎസ്ആർടിസി പോലും അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോൾ കെ റെയിൽ പദ്ധതി ന്യായമോ എന്നും അദ്ദേഹം ചോദിച്ചു.

നിലവിലുള്ള റെയിവെയുടെ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതിനു പകരം പുതിയ ഹൈ സ്പീഡ് റെയിൽവേ എന്തിനെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. നടപ്പാക്കാൻ കഴിയാത്ത ഈ പദ്ധതി ജനവികാരത്തെ മാനിച്ചുകൊണ്ട് ഉപേക്ഷിക്കാൻ തയ്യാറാകണം എന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതി അശാസ്ത്രീയമാണെന്ന് മെട്രോമാൻ ഇ ശ്രീധരന്റെ അഭിപ്രായത്തെ സർക്കാർ മാനിക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ പദ്ധതി  ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പ്രക്ഷോഭം നടന്നു വരികയാണ്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തോട്ടുവാ മേഖലയെ രണ്ടായി വിഭജിക്കുന്ന രീതിയിലും ജനവാസ മേഖലയായ തോട്ടുവായിലെ നിരവധിപ്പേരുടെ വീടുകളും കൃഷി സ്ഥലങ്ങളും നഷ്ട്ടമാകുമെന്നും ഇതിനാൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുറവിലങ്ങാട് ആക്ഷൻ കൗൺസിൽ പ്രക്ഷോഭം നടത്തുന്നത്. പാത കടന്നു പോകുന്ന മേഖലയിലെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കരുതെന്നും മോൻസ് ജോസഫ് പറഞ്ഞു. 

പദ്ധതി നടപ്പിലാക്കുന്നതോടെ 5 സെന്റും അതിൽ താഴെയുമായുള്ള സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം പെരുവഴിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ കെ റെയിൽ പദ്ധതിയെക്കുറിച്ചു അടിയന്തിര പ്രമേയം അവതരിപ്പിച്ചതിന് മറുപടിയായി കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലെ ഭൂമി ഏറ്റെടുക്കേണ്ടതുള്ളു എന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞതായും മോൻസ് ജോസഫ് പറഞ്ഞു.

കെ റയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങൾക്ക് നിരവധി ആശങ്കകൾ ഉണ്ട്,അതാണ് സർക്കാർ ആദ്യം പരിഹരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി ജനദ്രോഹ പദ്ധതിയാണ് എന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മിനി ഹൈ സ്പീഡ് റെയിൽ എന്ന നിലയിലുള്ള കെ  റെയിൽ പദ്ധതി ഉപേക്ഷിക്കണം എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.