വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ ഒരുമിച്ചു യാത്രയായി.


തിരുവല്ല: എം സി റോഡിൽ പെരുംതുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഇരുചക്ര വാഹനയാത്രികരായ ജെയിംസിനെയും ആൻസിയെയും മരണം കവർന്നെടുത്തത് വിവാഹമെന്ന സ്വപ്നം ബാക്കിനിൽക്കെ.

 

ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ പരേതനായ ചാക്കോയുടെ മകൻ ജയിംസ് ചാക്കോ (31) വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ ജോൺസൻ്റെ മകൾ ആൻസി (26)എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഗൾഫിലുള്ള ആൻസിയുടെ മാതാവ് നാട്ടിലെത്തിയ ശേഷം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ആൻസിക്ക് കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ഇന്റർവ്യൂന് പോയി വരുമ്പോഴാണ് മരണം ഇരുവരെയും കവർന്നെടുത്തത്.

ജയിംസ് സ്കൂൾബസ് ഡ്രൈവറാണ്. ബിരുദധാരിയായ ആൻസി ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോട്ടയത്തെ ഇന്റർവ്യൂ കഴിഞ്ഞു ഇരുചക്ര വാഹനനത്തിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് പെരുന്തുരുത്തിയിൽ വെച്ച് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ്സ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ചത്. ഒരുമിച്ചു ഒരു ജീവിതം സ്വപ്നം കണ്ടവർ മരണത്തിലും ഒരുമിച്ചു യാത്രയായി.

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനയാത്രികരെ ഇടിച്ച ശേഷം റോഡിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു സമീപത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ചങ്ങാനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് നിയന്ത്രണവിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.