ലൈഫ് മിഷൻ; കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 8691 വീടുകള്‍.


കോട്ടയം: കോട്ടയം ജില്ലയിൽ ലൈഫ് മിഷനില്‍ ഇതുവരെ 8691 വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 703 വീടുകള്‍ നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

 

പട്ടികജാതി,പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട 1479 പേരുമായി ജനുവരി 31 നകം കരാര്‍ ഒപ്പിട്ട് ഭവനിര്‍മ്മാണം ആരംഭിക്കും. ഭൂരഹിതഭവന രഹിതര്‍ക്കായി ജില്ലയില്‍ രണ്ടു ഭവന സമുച്ചയങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. വിജയപുരം ചെമ്പോല കോളനിയിൽ നിർമ്മാണം പുരോഗമിക്കുന്ന ഭവന സമുച്ചയം മാര്‍ച്ചില്‍ പൂർത്തിയാകും. തലയോലപ്പറമ്പ് മിടായി കുന്നിൽ രണ്ടാമത്തെ ഭവന സമുച്ചയത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ലൈഫ് മിഷനില്‍ വീട് ലഭിച്ചവരുടെ കുടുംബ സംഗമവും അദാലത്തും ജനുവരി 28ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നടക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അദാലത്തിൽ സ്വീകരിക്കും. ഇവ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു വരുന്ന അദാലത്തില്‍ പ്രത്യേകമായി പരിഗണിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുന്നതിനായി ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ജില്ലാ കളക്ടര്‍. എം. അഞ്ജന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.