എം എൽ റോഡിലൂടെയുള്ള സ്വകാര്യ ബസ്സ് സർവ്വീസ് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.



കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത എം എൽ റോഡിലൂടെയുള്ള സ്വകാര്യ ബസ്സ് സർവ്വീസുകൾ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

 

ഇന്നലെ എം എൽ റോഡിൽ അപസ്മാര രോഗിയായ യുവാവ് കുഴഞ്ഞു വീണു ബസ്സിനടിയിൽപ്പെട്ടു മരിച്ചിരുന്നു. ദിവസേന ചെറിയ ചെറിയ വാഹനാപകടങ്ങൾ ഇവിടെ പതിവാണെന്ന് വ്യാപാരികളും പറയുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് എം എൽ റോഡ്. രണ്ടു വശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയും തിക്കിത്തിരക്കലുകളിൽ ശ്വാസം മുട്ടിയാണ് ഓരോരുത്തരും എം എൽ റോഡിലൂടെ കടന്നു പോകുന്നത്.

അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന പേടിയിലാണ് ഓരോരുത്തരും. കാല്നടക്കാരുടെ തിരക്കിനിടയിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഈ റോഡ് വഴി കടന്നു പോകുന്നതിന്റെ ഇടയിലൂടെ ബസ്സുകൾ കടന്നു വരുന്നത് ഭീതിയോടെയാണ് ജനങ്ങൾ കാണുന്നത്. ചിങ്ങവനം,ചങ്ങനാശ്ശേരി മേഖലകളിലേക്കുള്ള ബസ്സുകളാണ് ഈ വഴി കയറി വരുന്നത്. ഈ വഴിയുള്ള സ്വകാര്യ ബസ്സ് സർവ്വീസ് അവസാനിപ്പിക്കണമെന്ന് നാളുകളായുള്ള ആവശ്യമാണെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.

തിരക്കിനിടയിലൂടെ ഏതു നിമിഷവും ഒരു അപകടം മുന്നിൽക്കണ്ടാണ് വാഹനം ഈ വഴി കയറിഇറങ്ങുന്നതെന്നു ബസ്സ് ഡ്രൈവർമാരും പ്രതികരിച്ചു. വളരെയധികം തിരക്കുള്ള ഈ മേഖലയിൽ ഒരു ഗതാഗത പരിഷ്‌ക്കരണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.