വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകളും വിവരശേഖരണവും ഓണ്‍ലൈനില്‍.


കോട്ടയം: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകളും വിവരശേഖരണവും നടപ്പിലാക്കുന്നത് ഓൺലൈനായി. വാക്സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്ട്രേഷന്‍, അറിയിപ്പു നല്‍കല്‍, വിവരശേഖരണം തുടങ്ങി എല്ലാ നടപടിക്രമങ്ങളും കോവിന്‍(കോവിഡ് വാക്സിന്‍ ഇന്‍റലിജന്‍സ് നെറ്റ് വര്‍ക്ക്) ആപ്ലിക്കേഷന്‍ മുഖേനയാണ് ഏകോപിപ്പിക്കുന്നത്.

 

വാക്സിന്‍ സ്വീകരിക്കുന്ന എല്ലാവര്‍ക്കും എത്തേണ്ട സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള അറിയിപ്പുകള്‍ എസ്.എം.എസ് സന്ദേശമായി നൽകും. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ  വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ്പ് നടത്തിയതിനു ശേഷം ദേശീയ തലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കല്‍ തുടങ്ങിയവയും ഇതേ സോഫ്റ്റ് വെയര്‍ മുഖേനയാണ് നിര്‍വഹിക്കുക.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും  അടിയന്തര സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍-0481 2565200