കുട്ടനാടുമില്ല മുട്ടനാടുമില്ല,കുട്ടനാട്ടിൽ പോയാൽ നീന്താൻ അറിയില്ല,പാലാ സീറ്റിൽ പിടി മുറുക്കി മാണി സി കാപ്പൻ.


പാലാ: പാലാ സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും താൻ ജയിച്ചു കയറിയ സീറ്റ് തരണമെന്ന് പറയേണ്ട ആവശ്യം ഇല്ലെന്നും മാണി സി കാപ്പൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. 

 

പാലാ സീറ്റിനു പകരം കുട്ടനാട് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെ,കുട്ടനാടും മുട്ടനാടുമില്ല,കുട്ടനാട്ടിൽ പോകാൻ തനിക്ക് നീന്തൽ അറിയില്ല,പാലാ സീറ്റ് വിട്ടു നൽകില്ല. നാല് തവണ പാലായിൽ മുന്നണിക്ക് വേണ്ടി മത്സരിച്ചു നേടിയ വിജയമാണ് തന്റേതു എന്നും ഇടതുപക്ഷ ജാനാധിപത്യ മുന്നണി തന്നെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നുമാണ് കരുതുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഈ മാസം 27 ണ് ചേരുന്ന ഇടതു മുന്നണി യോഗത്തിൽ തന്റെ നിലപാട് ശക്തമായി ആവർത്തിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നോട് മത്സരിച്ചു തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടുനൽകാനാണ് ഇപ്പോൾ ചർച്ച നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സീറ്റ് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കണ്ടു ബോധ്യപ്പെടുത്തുമെന്നും കൂടിക്കാഴ്ച്ചയ്ക്കായി മാണി സി കാപ്പൻ മുംബൈക്ക് പോകുമെന്നുമാണ് റിപ്പോർട്ടുകൾ. പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ മാണി സി കാപ്പൻ മുന്നണി മാറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.