കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം പതിവാകുന്നു.


ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം പതിവാകുന്നതായി യാത്രക്കാർ പറഞ്ഞു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഈ റൂട്ടിൽ ചില സമയങ്ങളിൽ ബസ്സുകൾ സർവ്വീസ് നടത്തുന്നത്.

മിക്കവാറും ദിവസങ്ങളിൽ ഈ റൂട്ടിൽ സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും പതിവാണ് എന്നും യാത്രക്കാർ പറഞ്ഞു. സ്റ്റോപ്പിൽ ബസ്സ് നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ശരവേഗത്തിലാണെന്നും യാത്രക്കാർ കയറി സുരക്ഷിതമായി പിടിച്ചു നിൽക്കുന്നതിനു മുൻപേ വാഹനങ്ങൾ ഓടിത്തുടങ്ങുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. ഇന്ന് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ ബസ്സിനുള്ളിൽ വീണു രണ്ടു വിദ്യാർഥിനികൾക്ക് പരിക്കേറ്റിരുന്നു.

മത്‌സരയോട്ടത്തിനിടെ സഡൻ ബ്രെക്ക് ഇട്ട ബസിനുള്ളിൽ വിദ്യാർത്ഥിനികൾ വീഴുകയായിരുന്നു. യാത്രക്കാരുടെ ജീവന് സുരക്ഷയും യാതൊരു വിലയും കല്പിക്കാതെയുള്ള മത്സരയോട്ടം നിയന്ത്രിക്കാൻ അധികാരികളാരും ശ്രദ്ധിക്കുന്നില്ല എന്നും പരാതിയുയരുന്നുണ്ട്. പോലീസ് ഡിപ്പാർട്ട്മെന്റും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും നിരത്തിൽ കർശന പരിശോധനകൾ നടത്തുമ്പോഴും ചെറുവാഹനങ്ങളും ടോറസും ഉൾപ്പടെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും ബസ്സുകളുടെ കാര്യത്തിൽ അധികൃതർ കണ്ണടയ്ക്കുകയാണെന്നും  പരാതിയുണ്ട്.

സ്വകാര്യ ബസ്സുകളുടെ കുത്തകയായ ഈ റൂട്ടിൽ മത്‌സരയോട്ടവും ബസ്സ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും പതിവായിരിക്കുകയാണ്. ഒരേ പേരിലുള്ള ആമീസ് എന്ന സ്വകാര്യ ബസ്സുകളാണ് ഇന്ന് മത്സരയോട്ടം നടത്തിയതും ബസ്സിനുള്ളിൽ വീണു വിദ്യാർഥിനികൾക്ക് പരിക്ക് പറ്റിയതും. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്‌സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. ജീനയുടെ കൈയ്ക്ക് പൊട്ടലുണ്ട്.