കോട്ടയം ജില്ലയിൽ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.


കോട്ടയം:  പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി 31നാണ് അഞ്ചു വയസില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നത്.

 

ജില്ലയില്‍ 1,11,071 കുട്ടികള്‍ക്ക് മരുന്നു നല്‍കുന്നതിനുള്ള ക്രമീരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഇതിനായി 1307 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 2614 സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ഇതിനു പുറമെ 45 ട്രാന്‍സിറ്റ് ബൂത്തുകളും 40 മൊബൈല്‍ ബൂത്തുകളുമുണ്ടാകും. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ടുജെട്ടികള്‍ എന്നിവിടങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.

അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എത്തി മരുന്നു വിതരണ ചെയ്യുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിതരണം ചെയ്യുന്നതിന് 10,000 വയല്‍ മരുന്നും അനുബന്ധ സംവിധാനങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വോളണ്ടിയര്‍മാര്‍ അഞ്ചുലക്ഷം വീടുകള്‍ സന്ദര്‍ശിക്കും.

അങ്കണവാടി, ആശാ, കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകരാണ് വാളന്റിയര്‍മാര്‍. ആരോഗ്യകേരളം, സാമൂഹ്യനീതി വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ റോട്ടറി ഇന്റര്‍നാഷണല്‍, ലയണ്‍സ് ക്ലബ്ബുകള്‍, റെഡ്‌ക്രോസ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്നുവിതരണം നടത്തുന്നത്.