കോട്ടയം: കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചതോടെ വിശദീകരണവുമായി ജയിൽ വകുപ്പ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജയിൽ വകുപ്പിന്റെ വിശദീകരണം ഇങ്ങനെ:
സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പോലീസ് തിങ്കളാഴ്ച്ചയാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ചൊവ്വാഴ്ച്ച അപസ്മാരമുണ്ടായെന്നും പിന്നീട് ഭേതമാകുകയും ചെയ്തു. ആലുവ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
രാത്രിയിൽ തിരികെ ജയിലിലെത്തിയ ഷെഫീക്കിന് ഛർദ്ധി അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാണു ജയിൽ വകുപ്പിന്റെ വിശദീകരണം. എന്നാൽ ഷെഫീക്കിന്റെ ശരീരത്തിലെ പരിക്കുകൾ സംബന്ധിച്ച് ജയിൽ വകുപ്പിന്റെ വിശദീകരണത്തിൽ പരാമർശമില്ല. യുവാവിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. യുവാവിന്റെ തലയിൽ മുറിവുകൾ ഉണ്ടെന്നും ശരീരത്തിലും മുഖത്തും പരിക്കുകൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും.