രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണം;പി തിലോത്തമൻ.


കോട്ടയം: രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് മന്ത്രി പി തിലോത്തമൻ. കോട്ടയത്ത് ജില്ലാതല റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയര്‍ത്തി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും രാജ്യത്തെ ആകമാനം ബാധിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയുള്ള ഇടപെടലാണ് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. പിന്നിട്ട ദശകങ്ങളില്‍ വികസനത്തിന്റെ വഴിയില്‍ ഗണ്യമായ വളര്‍ച്ച നേടാന്‍ രാജ്യത്തിന് സാധിച്ചു എന്നും ഇപ്പോള്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഉള്‍പ്പെടെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധവി ജി. ജയദേവും വേദിയില്‍ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കോട്ടയം ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് എം.കെ. ചന്ദ്രശേഖരന്‍ പരേഡ് കമാന്‍ഡറായിരുന്നു. കേരള സിവില്‍ പോലീസ്, വനിതാ പോലീസ്, ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലറ്റൂണുകളാണ് പരേഡിൽ ഉണ്ടായിരുന്നത്.