റിപ്പബ്ലിക്ക് ദിനാഘോഷം;ജില്ലാ കളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി.


കോട്ടയം: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങൾ ജില്ലാ കളക്ടർ എം അഞ്ജന വിലയിരുത്തി. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ജില്ലാതല ചടങ്ങ് നാളെ രാവിലെ 9 മണി മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.

 

ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പോലീസിന്‍റെ മൂന്നു പ്ലറ്റൂണുകളും വനം വകുപ്പിന്‍റെയും എക്സൈസിന്‍റെയും ഓരോ പ്ലറ്റൂണുകളും മാത്രമാണ് പങ്കെടുക്കുക.

ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധാവി ജി.ജയദേവും അഭിവാദ്യം സ്വീകരിക്കും. മാര്‍ച്ച് പാസ്റ്റ് ഉണ്ടാവില്ല. കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ എം.കെ. ചന്ദ്രശേഖരനാണ് പരേഡ് കമാന്‍ഡര്‍. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍  പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. 

ആഘോഷത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്ന പൗരന്‍മാരെയും പങ്കെടുപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കും.