കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പോലീസ് തിങ്കളാഴ്ച്ചയാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററിൽ റിമാൻസിൽ കഴിഞ്ഞിരുന്ന പ്രതിക്ക് അപസ്മാരമുണ്ടായെന്നും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.
യുവാവിന്റെ തലയിൽ മുറിവുകൾ ഉണ്ടെന്നും ശരീരത്തിലും മുഖത്തും പരിക്കുകൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മകൻ മരിച്ചതായി പോലീസ് വിളിച്ചറിയിച്ചതെന്നു ഷെഫീക്കിന്റെ പിതാവ് പറഞ്ഞു. വൃദ്ധയെ കബളിപ്പിച്ചു പണം തട്ടിയ കേസിലാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ഉദയംപേരൂർ പോലീസ് തിങ്കളാഴ്ച്ച ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്.