കസ്റ്റഡി മരണങ്ങൾ സംസ്ഥാനത്തിന് അപമാനകരം;തിരുവഞ്ചൂർ രാധാകൃഷ്ണൻ.


കാഞ്ഞിരപ്പള്ളി: കസ്റ്റഡി മരണങ്ങൾ സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ എംഎൽഎ. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലിരിക്കെ മരണപ്പെട്ട കാഞ്ഞിരപ്പള്ളി  വട്ടകപ്പാറ സ്വദേശി ഷെഫീകിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഷെഫീഖിന്റെ കസ്റ്റഡി മരണത്തെ സംബന്ധിച്ചും കുടുംബത്തിന്റെ ദയനീയവസ്ഥയെ കുറിച്ചും കഴിഞ്ഞ ദിവസം നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. കുടുംബത്തിന്റെ ഒരേയൊരു ആശ്രയാമായിരുന്നു ഷെഫീഖ്. ഹൃദ്രോഗിയായ ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ഷെഫീഖിന്റെ കസ്റ്റഡി മരണത്തോടെ അനാഥമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നിരാലംബരായ കൂടുംബത്തെ സർക്കാർ ഏറ്റെടുക്കണം.  കുഞ്ഞുങ്ങളെ സർക്കാർ ദത്തെടുക്കുകയും ഭാര്യക്ക് ഒരു ജോലി നൽകുകയും വേണം. വീടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം. കുടുംബത്തിന് വേണ്ട എല്ലാ സഹായവും സർക്കാർ തലത്തിൽ നിന്ന് ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള കസ്റ്റഡി മരണങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധം തണുപ്പിക്കാൻ അന്വേഷണം പ്രഖ്യാപിക്കുകയും കുറച്ചു നാൾ കഴിയുമ്പോൾ വീണ്ടും ഇത്തരം കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുവാനുള്ള ആത്മാർത്ഥമായ നടപടികൾ ഇനിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ കാലയളവിൽ കസ്റ്റഡി മരണങ്ങൾ തുടർക്കഥയാവുകയാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകപരമായ നടപടികൾ സ്വീകരിച്ചിരുന്നു എങ്കിൽ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് ആവർത്തിക്കില്ലായിരുന്നു എന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.