കൗൺസിലറുടെ അറസ്റ്റ്;ഈരാറ്റുപേട്ട നഗരസഭാ അംഗങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.


ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ അനസ് പാറയിലിനെ കൗൺസിൽ ഹാളിൽ നിന്നും ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്യുകയും കൗൺസിലറെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയ വനിതാ സഹപ്രവർത്തകരെ അധിക്ഷേപിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട നഗരസഭാ അംഗങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

നഗരസഭാ ഓഫീസിലെത്തിയ പോലീസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൗൺസിലറെ ബലമായി അറസ്റ്റ് ചെയ്തു വലിച്ചിഴച്ചു കൊണ്ടു പോയതെന്ന് നഗരസഭാ അംഗങ്ങൾ പ്രതികരിച്ചു. ഈരാറ്റുപേട്ട തെക്കേക്കരയിൽ കുടുംബ പ്രശനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അനസ്‌ പാറയിലിനുൾപ്പടെ നിരവധിപ്പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മുൻ‌കൂർ ജാമ്യം കോടതി തള്ളിയതിനെ തുടർന്നാണ് പോലീസ് അനസ് പാറയിലിനെ അറസ്റ്റ് ചെയ്തത്. നഗരസഭാ കൗൺസിൽ ഹാളിൽ അതിക്രമിച്ചു കയറി അറസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വനിതാ കൗൺസിലർമാരെ അപമാനിച്ച പോലീസ് ഉദോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് നഗരസഭാ അംഗങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.