കോട്ടയം: ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സാധാരണക്കാരുടെ അനുഭവ വിവരണങ്ങളുമായി വീഡിയോ വണ്ടി പര്യടനം തുടങ്ങി. ലൈഫ് മിഷന്‍ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അയ്മനം സ്വദേശിനി കുട്ടിയമ്മയും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ അനുകൂല്യങ്ങളുടെ ബലത്തില്‍ ജീവിത പ്രതിസന്ധികളോട് പൊരുതുന്ന വെച്ചൂരിലെ വീട്ടമ്മമാരും 12 ഏക്കര്‍ തരിശുനിലം കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചപുതപ്പിച്ച മുണ്ടാറിലെ മൂന്നു വനിതകളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍.
നവകേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളെ ആധാരമാക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പാണ് വീഡിയോകള്‍ തയ്യാറാക്കിയത്. മൊബൈല്‍ പ്രദര്‍ശനത്തിന്‍റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ എം.അഞ്ജന നിര്‍വഹിച്ചു.
പി.ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുടുക്കേംകുന്നത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അസിസ്റ്റന്‍റ് എഡിറ്റര്‍ കെ.ബി. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.
നാലു മിഷനുകള്‍ക്കു കീഴിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകള്‍ ഈ മാസം 20വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും