സാന്ത്വന സ്പർശം: ജില്ലയിലെ അവസാനത്തെ പരാതി പരിഹാര അദാലത്ത് നാളെ.


കോട്ടയം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ അവസാനത്തെ പരാതി പരിഹാര അദാലത്ത് നാളെ വൈക്കത്ത് നടക്കും. അദാലത്തിന് മന്ത്രമാരായ പി. തിലോത്തമനും കെ. കൃഷ്ണന്‍കുട്ടിയും നേതൃത്വം നൽകും.

നാളത്തെ പരാതി പരിഹാര അദാലത്ത് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. വൈക്കം താലൂക്കിലെ പരാതികളാണ് ഈ അദാലത്തില്‍ പരിഗണിക്കുക. ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ രണ്ടു ദിവസത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി 2,18,75,500 രൂപ അനുവദിച്ചു.

ആദ്യ ദിവസം മീനച്ചില്‍,കോട്ടയം താലൂക്കുകളില്‍നിന്നുള്ള അപേക്ഷകളില്‍ 1,18,05,000 രൂപ അനുവദിച്ചിരുന്നു. നെടുംകുന്നം സെന്‍റ് ജോണ്‍സ് ഹാളില്‍ നടന്ന ചങ്ങനാശേരി,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അദാലത്തുകളില്‍ 1,00,70,500 രൂപയാണ് അപേക്ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.