കാഞ്ഞിരപ്പള്ളി: ഇൻവെർട്ടഡ് പോർട്രെയിറ്റ് ചിത്രരചനയിൽ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സിലും ഇടം നേടി കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും കൂവപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയുമായ കൊച്ചുവീട്ടിൽ അമീൻ സുബൈർ (20) ആണ് വിസ്മയിപ്പിക്കുന്ന ഈ നേട്ടം സ്വന്തമാക്കിയത്.
നിരവധി പ്രഗത്ഭരായവരുടെ ചിത്രങ്ങളാണ് അമീൻ ഇൻവെർട്ടഡ് പോർട്രെയിറ്റ് രീതിയിൽ വരച്ചത്. നെഗറ്റീവ് മാതൃകയിലാണ് ചിത്ര രചന എന്ന് അമീൻ പറഞ്ഞു. ഇങ്ങനെ വരയ്ക്കുന്ന ചിത്രങ്ങൾ മൊബൈലിൽ നെഗറ്റീവ് ആപ്പ്ളിക്കേഷൻ വഴി നോക്കിയാൽ ശെരിയായ രീതിയിൽ ചിത്രങ്ങളായി കാണാൻ സാധിക്കുമെന്നും പേപ്പറിൽ പെൻസിൽ ഉപയോഗിച്ചാണ് ചിത്രരചനാ രീതിയെന്നും അമീൻ പറഞ്ഞു.
റെക്കോർഡുകൾ കരസ്ഥമാക്കുന്നതിനായി 7 ദിവസത്തെ സമയമാണ് അമീൻ ലഭിച്ചത്. എന്നാൽ 3 ദിവസങ്ങൾക്കുള്ളിൽ ചിത്രങ്ങൾ വരച്ചു പൂർത്തിയാക്കാൻ സാധിച്ചതായി അമീൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി പാറത്തോട് കൊച്ചുവീട്ടിൽ പരേതനായ സുബൈറിന്റെയും ബീനയുടെയും മകനാണ് അമീൻ സുബൈർ. അമീനെ തേടി പുരസ്‌ക്കാരങ്ങൾ എത്തിയതോടെ നാടും ആഘോഷത്തിമിർപ്പിലാണ്. നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ആശംസകൾ അറിയിച്ചതായി അമീൻ പറഞ്ഞു.
ചിത്രം:അജാസ്.