സംസ്ഥാനത്ത് ആദ്യമായി ആനിമൽ റെസ്ക്യൂ പരിശീലനമൊരുക്കി കോട്ടയം സിവിൽ ഡിഫൻസ് സേന.


കോട്ടയം: നമ്മുടെയെല്ലാം വീടുകളിൽ നമ്മൾ ഓമനിച്ചു വളർത്തുന്ന വളർത്തു മൃഗങ്ങളുണ്ട്. ഓരോന്നിനും ആവശ്യമായ ഭക്ഷണത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമെല്ലാം നമുക്ക് കൃത്യമായി അറിയാം. എന്നാൽ നമ്മുടെ അരുമകളായി നമ്മോടൊപ്പമുള്ള വളർത്തു മൃഗങ്ങൾക്കു പെട്ടന്നൊരു അപകടം സംഭവിച്ചാൽ അതെങ്ങനെ തരണം ചെയ്യണം എന്നും അവയെ എങ്ങനെ രക്ഷപ്പെടുത്താമെന്നും അറിയാവുന്നവർ നന്നേ ചുരുക്കമായിരിക്കും.

ഇത് മുൻനിർത്തി മൃഗങ്ങളെ പരിപാലിക്കുന്നവർക്കും മൃഗരക്ഷാ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കുമായി ആനിമൽ റെസ്ക്യൂ പരിശീലനമൊരുക്കിയിരിക്കുകയാണ് കേരളാ സിവിൽ ഡിഫൻസ് സേനയിലെ കോട്ടയം സേനാംഗങ്ങൾ. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്താണ് ഇത്തരത്തിൽ ആനിമൽ റെസ്ക്യൂ പരിശീലനമൊരുക്കിയിരിക്കുന്നത് എന്ന് സിവിൽ ഡിഫൻസ് കോട്ടയം ജില്ലാ വാർഡൻ സ്മികേഷ് ഓലിക്കൻ പറഞ്ഞു. പരിശീലനത്തിന്റെ ആദ്യ ക്ലാസ്സ് ഇന്ന് കോട്ടയം ഫയർ സ്റ്റേഷനിൽ വെച്ച് നടന്നു. കോട്ടയം എംടിഎസ്ടിഓ സുമേഷ് എ ജി ക്ലാസ് നയിച്ചു. ഒരു ജില്ലയിൽ കുറഞ്ഞത് 100 അനിമൽ റെസ്ക്യൂ പ്രവർത്തകർ എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നായി നിരവധിപ്പേർ ക്ലാസ്സിൽ പങ്കെടുത്തു. പലപ്പോഴും കിണറ്റിലും കുഴികളിലും വീഴുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനായി നമ്മൾ പല വഴികളും നോക്കാറുണ്ട്. മൃഗങ്ങൾ അപകടത്തിൽപ്പെട്ടാൽ അവയെ എങ്ങനെയൊക്കെ രക്ഷിക്കാം, പരിക്കേറ്റ മൃഗങ്ങൾക്കുള്ള പ്രാഥമിക ചികിത്സകൾ,മുൻകരുതലുകൾ, കിണറുകളിലും കുഴികളിലും ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു.

പരിശീലന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അടുത്ത ക്ലാസ്സുകൾ ആരംഭിക്കുന്നതിനൊപ്പം പരിശീലന പരിപാടി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനും ആലോചനയുള്ളതായി സിവിൽ ഡിഫൻസ് കോട്ടയം ജില്ലാ വാർഡൻ സ്മികേഷ് ഓലിക്കൻ പറഞ്ഞു.