ഇന്ത്യൻ നാഷണൽ റാലി ചമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടയത്തിന്റെ വേഗതയുടെ പെൺപുലി.


കോട്ടയം: കോയമ്പത്തൂരിൽ നടന്ന ഇന്ത്യൻ നാഷണൽ റാലി ചമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടയത്തിന്റെ വേഗതയുടെ പെൺപുലി. കോട്ടയം ളാക്കാട്ടൂർ ശൈവവിലാസത്തിൽ ആതിര മുരളീധരനാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ചെറുപ്പകാലം മുതൽക്കേ വാഹനങ്ങളെ ജീവനായി സ്നേഹിച്ചിരുന്ന ആതിരയുടെ സ്വപ്നങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുമുണ്ട്. ഓരോ കാറോട്ട മത്സരവും ആതിരയ്ക്ക് ആവേശമാണ്. കുട്ടിക്കാലം മുതൽക്കേ വാഹനങ്ങളോടുള്ള കമ്പം ആതിരയ്‌ക്കൊപ്പം വളരുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ആതിര 2016 ലെ ഓഫ് റോഡ് റേസിംഗ് മത്സരങ്ങളിൽ ഉൾപ്പടെ നിരവധി ദേശീയ മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും യൂടൂബിലും നിരവധി ആരാധകരുള്ള പ്രമുഖ വനിതാ ഓട്ടോ വ്ലോഗറാണ് നമ്മുടെ കോട്ടയം സ്വദേശിനിയായ ആതിര മുരളി.

ബുള്ളറ്റിൽ പാറിപ്പറന്നു നടക്കണമെന്ന് ഇപ്പോഴത്തെ ന്യൂജെൻ പെൺകുട്ടികൾക്ക് ആഗ്രഹമുണ്ട്.പക്ഷെ കാര്യത്തോടടുക്കുമ്പോ ഭോരിഭാഗം പേർക്കും കൈയും കാലും വിറയ്ക്കും. എന്നാൽ ബുള്ളറ്റ് മാത്രമല്ല ബസ്സും ടിപ്പറും ജെസിബിയുമടക്കം നിരവധി വാഹനങ്ങൾ അനായാസമായി കൈകാര്യം ചെയ്യാനാകും ആതിരയ്ക്ക്. പന്ത്രണ്ടാം വയസ്സിൽ ബൈക്ക് ഓടിക്കാൻ പഠിച്ച ആതിര പിന്നീട് താൻ ആഗ്രഹിച്ച ഓരോ വാഹനങ്ങളുടെയും അമരത്ത് എത്തി. നിരവധി നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും അർഹമായ അംഗീകാരവും പിന്തുണയും ലഭിക്കാത്തതിൽ ആതിരയ്ക്ക് ദുഖമുണ്ട്. പരിശീലനങ്ങൾക്കും മത്സരങ്ങൾക്കുമായി ലക്ഷങ്ങൾ ചെലവ് വരുന്നതായി ആതിര പറഞ്ഞു. കാറുകൾ വാടകയ്ക്ക് എടുത്താണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ കോയമ്പത്തൂരിൽ നടന്ന ഇന്ത്യൻ നാഷണൽ റാലി ചമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നു.

കോട്ടയത്തിന്റെ അഭിമാനമുയർത്തുകയാണ് പെൺകരുത്തിന്റെ പ്രതീകമായ വേഗതയുടെ  പെൺപുലിയായ ഈ ഇരുപത്തിയേഴുകാരി. 2016 ൽ മുംബൈയിലെ നാസിക്കിൽ നടന്ന മഹീന്ദ്ര ഓഫ്റോഡ് നാഷണൽ മോട്ടോർ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം ചാംപ്യൻപട്ടം സ്വന്തമാക്കി ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് അതിരയുടേത്. സ്ത്രീകളുടെ സാന്നിധ്യം കുറവായ ഓഫ് റോഡ് റേസിങ്ങിൽ തന്റെ പേര് വ്യത്യസ്തതയോടെ എഴുതിച്ചേർത്തിരിക്കുകയാണ് ആതിര.

ഏറ്റവുമധികം വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പേരിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ആതിരയുടെ പേര് സ്ഥാനം പിടിച്ചിട്ടുണ്ട്. പിതാവ് റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവർ മുരളീധരൻ, അമ്മ ഉഷ, സഹോദരി സി എസ് ഐ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർത്ഥിനിയായ ആര്യ.