ലോക്ഡൗണിന്റെ വിരസമായ ദിവസങ്ങളില്‍ ബോട്ടില്‍ ആര്‍ട്ടിലൂടെ പുതുവര്‍ണ്ണങ്ങല്‍ വിരിയിച്ച് ഷെറിംഗ് നടന്നുകയറിയത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്ന നേട്ടത്തി


കോട്ടയം: ലോക്ഡൗണിന്റെ വിരസമായ ദിവസങ്ങളില്‍ ബോട്ടില്‍ ആര്‍ട്ടിലൂടെ പുതുവര്‍ണ്ണങ്ങൾ വിരിയിച്ച് ഷെറിംഗ് നടന്നുകയറിയത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്ന നേട്ടത്തിന്റെ നെറുകയിലേക്ക്.

കോട്ടയം മാന്നാനം സ്വദേശിനിയും മാധ്യമ പ്രവർത്തകയുമായ ഷെറിംഗ് പവിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. മംഗളം പബ്ലിക്കേഷൻസ് കന്യക മാഗസീനിന്റെ സബ് എഡിറ്ററാണ് ഷെറിംഗ്. രണ്ടു ബോട്ടിലുകളാണ് ഷെറിംഗ് പെയിന്റ് ചെയ്തത്. ഒരു ബോട്ടിലിൽ ഇന്ത്യയിലെ 17 ദേശീയ ചിഹ്നങ്ങളാണ് വരച്ചു ചേർത്തിരിക്കുന്നത്. വന്ദേമാതരം ഗാനവും ദേശീയഗാനവും ഉപയോഗിച്ച് ഇന്ത്യയെക്കുറിച്ചുള്ള ഒരു ചെറിയ ആമുഖവും ഷെറിംഗ് നൽകിയിട്ടുണ്ട്.

രണ്ടാമത്തെ ബോട്ടിലിൽ ലോകത്തിലെ 195 രാജ്യങ്ങളുടെ ദേശീയ പതാകകൾ ആണ് വരച്ചു ചേർത്തിരിക്കുന്നത്. അക്രിലിക്ക് കളറുകൾ ഉപയോഗിച്ചാണ് ബോട്ടിലുകൾ പെയിന്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തന്റെ തിളക്കമാർന്ന വിജയത്തിന് കാരണമെന്ന് ഷെറിംഗ് അടിവരയിട്ടു പറയുന്നു.

''എന്നെക്കൊണ്ട് ഒന്നും കഴിയില്ലെന്ന് വിചാരിച്ച് സ്വയം ഒതുങ്ങിക്കൂടിയൊരു കാലമുണ്ടായിരുന്നു. ആഗ്രഹങ്ങളില്‍ ചിലതെങ്കിലും കൈയെത്തിപ്പിടിക്കുക എന്നത് പിന്നീടെന്റെ ജീവിതാഭിലാഷമായി മാറി. നിരാശകള്‍ക്കൊടുവില്‍ ജീവിതത്തില്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞു.  ദൈവാനുഗ്രഹത്തിനും കഴിവിനും അധ്വാനത്തിനുമൊപ്പം എന്തെങ്കിലുമൊക്കെ നേടണം എന്ന ആഗ്രഹം കൂടിയായപ്പോഴാണ് എന്നിലുറങ്ങി കിടന്ന ചിത്രകാരിയ്ക്ക് ഞാന്‍ പുതുജീവന്‍ നല്‍കിയത്. ലോക്ഡൗണിന്റെ വിരസമായ ദിവസങ്ങളില്‍ ബോട്ടില്‍ ആര്‍ട്ടിലൂടെ പുതുവര്‍ണ്ണങ്ങല്‍ വിരിയിച്ച്  നടന്നുകയറിയത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്ന നേട്ടത്തിന്റെ നെറുകയിലേക്കാണ്. ഇനിയും പിന്നോട്ട് നടക്കാന്‍ കഴിയില്ല  എന്ന തിരിച്ചറിവാണ് ശക്തി പകര്‍ന്നത്. ഈ ലോകത്ത് ഞാനും ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി എന്തെങ്കിലുമൊക്കെ അവശേഷിപ്പിക്കണം എന്ന ചിന്തയാണ് ഊര്‍ജം പകര്‍ന്നത്. ഒരു മാധ്യമപ്രവര്‍ത്തക എന്നതിലുപരി എന്നെപ്പോലൊരു സ്ത്രീയ്ക്ക് ഇത്രയുമൊക്കെ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഇതിലും വലിയ നേട്ടങ്ങള്‍ കൈയെത്തിപ്പിടിക്കാം. ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകളെ തേച്ചുമിനുക്കിയെടുത്താല്‍ മാത്രം മതിയാകും.''-ഷെറിംഗ് പവിത്രൻ.