കോട്ടയം: ഉഴവൂർ മോനിപ്പള്ളി റോഡിൽ ആൽപ്പാറയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. അപകട സമയം കാറിൽ ഡ്രൈവറായ മോനിപ്പള്ളി സ്വദേശി റെജി മാത്രമാണുണ്ടായിരുന്നത്.
കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എബി ജോസഫ് ആണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവറെ സാഹസികമായി ജീവൻ പണയം വെച്ച് രക്ഷിച്ചത്. വലിയ ശബ്ദം കേട്ട് റോഡിലേക്കിറങ്ങിയ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് കാണുന്നത് കാറിനുമുകളിൽ ട്രാൻസ്‌ഫോർമർ വീണു കിടക്കുന്നതാണ്. കാറിൽ ഒരു കുടുംബം ഉണ്ടാകുമെന്നു കരുതി ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും വൈദ്യുതി കമ്പികൾ പൊട്ടി കാറിനു മുകളിൽ വീണിരുന്നു.
ഓടിയെത്തിയ എബി കാറിന്റെ ചില്ലു തകർത്ത് ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയും ഇതുവഴി മോനിപ്പള്ളി സ്വദേശിയായ റെജിയെ പുറത്തെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും തീ പടർന്നു തുടങ്ങിയിരുന്നു. റെജിക്ക് പരിക്കുകളില്ല. കൃത്യസമയത്ത് എബി ഓടിയെത്തി ജീവൻ പണയം വെച്ച് റെജിയെ രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
കാറിന്റെ ചില്ല് തകര്‍ക്കുന്നതിനിടയില്‍ എബിയുടെ കൈയിക്ക് മുറിവ് പറ്റി.ഇദ്ദേഹത്തെ ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കൂത്താട്ടുകുളത്ത് നിന്നും രണ്ടു യൂണിറ്റ് അഗ്നി രക്ഷാ വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്ര വിധേയമാക്കിയത്.