ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പെരുന്ന ബസ്സ് സ്റ്റാൻഡിൽ വാക്കുതർക്കത്തിനിടെ ബസ്സ് ജീവനക്കാരൻ മാനസികാസ്വാസ്ഥ്യമുള്ള ആളുടെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ചു. തൃക്കൊടിത്താനം സ്വദേശി സ്റ്റാൻലിയുടെ ശരീരത്തിലേക്കാണ് ബസ് ജീവനക്കാരൻ ചൂടുവെള്ളം ഒഴിച്ചത്.
ഇദ്ദേഹത്തിന്റെ വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. ചങ്ങനാശ്ശേരി പെരുന്ന ബസ്സ് സ്റ്റാൻഡിൽ വെച്ച് കവിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരനായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് മാനസികാസ്വാസ്ഥ്യമുള്ള സ്റ്റാൻലിയുടെ ശരീരത്തിലേക്ക് സമീപത്തെ കടയിൽ നിന്നും ചൂടുവെള്ളമെടുത്ത് ഒഴിക്കുകയായിരുന്നു എന്ന് ചങ്ങനാശ്ശേരി പോലീസ് പറഞ്ഞു.
ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും ചൂട് വെള്ളം ഒഴിച്ചയാളിനെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു. പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം ബസ്സ് സ്റ്റാൻഡിന്റെ പരിസര പ്രദേശങ്ങളിൽ ഇപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും നാളിതുവരെ ആരുമായും വഴക്കിനു പോയിട്ടില്ലെന്നും സമീപത്തെ വ്യാപാരികളും യാത്രക്കാരും പറഞ്ഞു.