നാളെയുടെ കേരളം,ക്യാമ്പസുകൾക്ക് പറയാനുള്ളത്;മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു.


കോട്ടയം: കേരളത്തിലെ 5 സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിച്ചു. സർവ്വകലാശാലയിലെ കലാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു.

ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് നിർണായകമാണ്. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നമ്മൾ അറിയേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് പുതുതലമുറയുടെ മനസ്സറിയുക എന്ന ലക്ഷ്യത്തോടെയാണ് നവകേരളം - യുവകേരളം എന്ന സംവാദ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാല ക്യാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങളും ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. കോളേജ് പ്രവേശനം മുതൽ ക്‌ളാസ്സുകൾ,പരീക്ഷകൾ,ഫലം പ്രഖ്യാപിക്കുന്നത്,സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയ്‌ക്കെത്തി. സ്റ്റാർട്ട് അപ് സംരംഭങ്ങൾ,ഗവേഷണങ്ങൾ തുടങ്ങിയ വിഷയത്തിലും വിദ്യാർത്ഥികൾ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.

പുതിയ കുറെ കാര്യങ്ങൾ പഠിക്കാനും, വികസനം പുതിയ തലത്തിൽ എത്തിക്കാനുമുള്ള ഒട്ടനവധി നിർദ്ദേശങ്ങൾ യുവത്വത്തിൽ നിന്നും ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.