കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് രോഗബാധ ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.
പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ നേരിട്ട് മെഡിക്കല്‍ ഷോപ്പുകളിലെത്തി മരുന്നു വാങ്ങുന്നത് അപകടരമാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് പരിശോധന ഒഴിവാക്കി സ്വയം ചികിത്സ നടത്തുന്നവര്‍ ക്വാറന്റയിനോ കോവിഡ് പ്രോട്ടോക്കോളോ പാലിക്കാതിരിക്കുന്നത് രോഗവ്യാപനം രൂക്ഷമാക്കാന്‍ വഴിതെളിക്കും.
ആശുപത്രിയില്‍ നിന്നുള്ള കുറിപ്പില്ലാതെ ആന്റി പൈറെറ്റിക്, ആന്റി ഹിസ്റ്റമിന്‍ വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ വാങ്ങാനെത്തുന്നവരെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബോധവത്കരിക്കുന്നതിനുള്ള ബോധവത്കരണ പരിപാടി ജില്ലയിൽ ആരംഭിച്ചതായും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.