കോട്ടയം: കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ നമ്മുടെ ജില്ലയില്‍ പുതിയൊരു ബോധവത്കരണ പരിപാടി ആരംഭിച്ചിരിക്കുകയാണ് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം എല്ലാ ജനങ്ങളിലും എത്തിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് പോസ്റ്ററും ലഘുലേഖയും ജില്ലാ കളക്ടർ കൈമാറി.
ആശുപത്രിയില്‍ നിന്നുള്ള കുറിപ്പില്ലാതെ ആന്‍റി പൈറെറ്റിക്, ആന്‍റി ഹിസ്റ്റമിന്‍ വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ വാങ്ങാനെത്തുന്നവരെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്രവപരിശോധന നടത്തേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും പ്രദര്‍ശിപ്പിക്കും. ആശുപത്രിയില്‍നിന്നുള്ള കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാനെത്തുന്നവര്‍ക്ക് മരുന്നിനൊപ്പം ബോധവത്കരണ ലഖുലേഖയും നല്‍കും.