കോവിഡിൽ നിന്നും മുക്തി നേടാതെ കോട്ടയം;ജില്ലയിൽ ഇതുവരെ രോഗബാധിതരായത് 78176 പേർ.


കോട്ടയം: ആഗോള മഹാമാരിയായി ഭീതിയുയർത്തി നിൽക്കുന്ന കോവിഡിൽ നിന്നും മുക്തി നേടാനാകാതെ കോട്ടയം. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം മുന്നൂറിലധികം പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത്.

കോട്ടയം ജില്ലയിൽ ഇതുവരെ 78176 പേരാണ് രോഗബാധിതരായത്. ജില്ലയിൽ സമ്പർക്കം മുഖേനയാണ് ഭൂരിഭാഗം പേർക്കും രോഗബാധ സ്ഥിരീകരിക്കുന്നത്. 60 വയസ്സിനു മുകളിലുള്ളവർക്കും കുട്ടികൾക്കും ജില്ലയിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിൽ രോഗബാധിതരായ 78176 പേരിൽ 73914 പേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയിലുണ്ടായ 196 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.

4082 പേരാണ് രോഗബാധ സ്ഥിരീകരിച്ചു നിലവില്‍ ജില്ലയിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയവരും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും രോഗബാധിതരുടെ സമ്പർക്കം പുലർത്തിയവരുമുൾപ്പടെ 18007 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ  45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 179 വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായും 17 തദ്ദേശ സ്ഥാപന മേഖലകളിലായി 36 വാർഡുകൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളായും ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്.