കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയം ജില്ലയിൽ പരിശോധനകളും നടപടികളും കർശനമാക്കാനൊരുങ്ങി പോലീസ്. ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കോവിഡ് പിടി മുറുക്കിയിരിക്കുകയാണ്.
കോവിഡ് പടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 716 പോലീസ് ഉദ്യോഗസ്ഥരെയാണ് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്കായി രംഗത്തിറക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും മാസ്ക് ശരിയായി ധരിക്കാത്തവർക്കെതിരെയും കർശന നടപടികൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നതും കേസെടുക്കുന്നതുമുൾപ്പടെയുള്ള നടപടികൾ ഉണ്ടാകും.
പൊതുസ്ഥലങ്ങൾ,മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ആളികൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. രാത്രി യാത്രയ്ക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും രാത്രി 10 മണി മുതൽ വെളുപ്പിന് 5 മണി വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും.