മുതിർന്നവർക്കുള്ള വാക്സിൻ വിതരണം തിങ്കളാഴ്ച്ച മുതൽ,സ്വകാര്യ കേന്ദ്രങ്ങളിൽ വാക്സിന് 250 രൂപ.


തിരുവനന്തപുരം: മുതിർന്നവർക്കായുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. സർക്കാർ-സ്വകാര്യ കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്.

സ്വകാര്യ കേന്ദ്രങ്ങളിൽ വാക്സിന് 250 രൂപയാണ് ഈടാക്കുന്നത്. എല്ലാ സർവ്വീസ് ചാർജുകളും ഉൾപ്പടെയുള്ള നിരക്കാണ് ഇതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 10000 സർക്കാർ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സിൻ വിതരണം രണ്ടാംഘട്ടം രാജ്യത്ത് നടത്തുന്നത്. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ ലഭ്യമാക്കുക.

ജില്ലയിൽ 2.51 ലക്ഷം മുതിർന്നവർക്ക് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. വാക്സിൻ വിതരണത്തിനായി 216 കേന്ദ്രങ്ങൾ ആണ് ജില്ലയിൽ  ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നത്. മുന്നൂറോളം സ്വകാര്യ ആശുപത്രികളിലാണ് തുടക്കത്തിൽ വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ആവശ്യമായ സാഹചര്യത്തിൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും.