കോട്ടയം: മുതിർന്നവർക്കായുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് മാർച്ച് 1 മുതൽ 60 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകാനാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.
പ്രതിരോധ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടു ജില്ലയിൽ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ജില്ലയിൽ 2.51 ലക്ഷം മുതിർന്നവർക്ക് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. വാക്സിൻ വിതരണത്തിനായി 216 കേന്ദ്രങ്ങൾ ആണ് ജില്ലയിൽ ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നത്. 60 വയസ്സിനു മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പിന് കൈമാറുന്നത് ജില്ലാ സാമൂഹിക നീതി വകുപ്പാണ്.
സർക്കാർ-സ്വകാര്യ ആശുപത്രികൾ,സ്‌കൂളുകൾ,ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലായാണ് വാക്സിൻ വിതരണം നടത്തപ്പെടുക. മുതിർന്നവർക്കുള്ള വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ ലഭ്യമാകും എന്നാണു പ്രതീക്ഷിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.