തിരുവനന്തപുരം: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ തിങ്കളാഴ്ച്ച മുതൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം.
സർക്കാർ- സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാക്കും. സർക്കാർ ആശുപത്രികളിൽ വാക്സിൻ വിതരണം സൗജന്യമാണ്. 10000 സർക്കാർ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സിൻ വിതരണം നടത്തുന്നത്. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യ കേന്ദ്രങ്ങളിലെ വാക്സിന്റെ വില എത്രയെന്നു അടുത്ത ദിവസങ്ങളിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.