കോട്ടയം: രാജ്യത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയായ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണമായും നമ്മുടെ രാജ്യത്ത് തന്നെ നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സീൻ പരീക്ഷണ സംഘത്തിൽ അംഗമായി നമ്മുടെ കോട്ടയം സ്വദേശിയായ ഡോക്ടറും.
കോട്ടയം ചിങ്ങവനം പന്നിമറ്റം കണ്ണമ്പുറം തടത്തിൽപ്പറമ്പിൽ ടി.എം.ബാബു-ആനി ബാബു ദമ്പതികളുടെ മകനും പട്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ ജൂനിയർ റസിഡന്റ് ഡോക്ടറുമായ ഡോ.അരുൺ മാണി ബാബുവാണ് കോവാക്സീൻ പരീക്ഷണ സംഘത്തിൽ അംഗമായിരിക്കുന്നത്. താൻ ഉൾപ്പടെ ഏകദേശം മൂവായിരത്തോളം പേര് നിലവിൽ വാക്സിൻ സ്വീകരിച്ചതായും ഇതുവരെ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കോവാക്സിന്റെ വിജയത്തിൽ പങ്കാളികളായവർക്ക് കേന്ദ്രസർക്കാരിന്റെ പ്രശംസാപത്രം കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനികുമാർ ചൗബേ പട്ന എയിംസിൽ നടന്ന ചടങ്ങിൽ ഡോ.അരുൺ മാണി ബാബുവിന് കൈമാറി. ഭാര്യ ഡോ.ഹന്നാ കുര്യനും അദ്ദേഹത്തോടൊപ്പം പട്നയിലാണ്.