കോട്ടയം: കോട്ടയം ജില്ലയിൽ 8 ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബിയും അനെർട്ടും. സർക്കാരിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതോടെ കൂടുതൽ ആളുകൾ ഇലക്ട്രിക്ക് വാഹന ഉപയോഗത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. ജില്ലയിൽ സ്ഥാപിക്കുന്ന 8 ചാർജിങ് സ്റ്റേഷനുകളിൽ അഞ്ചിടങ്ങളിൽ അനെർട്ടും മൂന്നിടങ്ങളിൽ കെഎസ്ഇബിയുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനുകൾ പള്ളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, കോട്ടയം ഈസ്റ്റ് സെക്ഷൻ ഓഫീസ്, ഗാന്ധിനഗർ സെക്ഷൻ ഓഫീസ് എന്നിവിടങ്ങളിലാണ് നിർമ്മിക്കുക. ഇതിനായുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും.
ആദ്യത്തെ മൂന്നു മാസം സൗജന്യവും പിന്നീട് യൂണിറ്റിന് 5 രൂപ നിരക്കിൽ ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി അനെർട്ടും ഡൽഹി ആസ്ഥാനമായ ഒകായാ പവർ, അഹമ്മദാബാദ് ആസ്ഥാനമായുള്ള ടൈറക്സ് ട്രാൻസ്മിഷൻ എന്നീ സ്ഥാപനങ്ങളുമായി കെഎസ്ഇബിയും കരാറുണ്ടാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
സ്വകാര്യ വ്യക്തികളുടെയും സർക്കാർ വകുപ്പുകളുടെയും സ്ഥലത്താണ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. സർക്കാർ വകുപ്പുകളുടെ അനുമതി ഇതിനായി ലഭിക്കേണ്ടതുണ്ട്. ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനായി സ്ഥലം പാട്ടത്തിനാണ് അനെർട്ട് എടുക്കുന്നത്. വാടകയായി ഒരു യൂണിറ്റ് വൈദ്യുതിക്ക് 70 പൈസ എന്ന നിരക്കിൽ സ്ഥലം നൽകുന്ന ഉടമയ്ക്ക് ലഭിക്കും.